ജീൻ ഷാർപ്: അഹിംസാത്മക സമരങ്ങളുടെ ജ്ഞാന യോഗി
അഹിംസാത്മക സമരത്തെക്കുറിച്ചുള്ള രചനകൾ കൊണ്ടു ശ്രദ്ധേയനായ ജീൻ ഷാർപ് (1928- 2018) തന്റെ തൊണ്ണൂറാം ജന്മദിനത്തിനു കൃത്യം ഒരാഴ്ച കഴിഞ്ഞ് ജനുവരി 28ന് ലോകത്തോടു വിട വാങ്ങി. ലോകമെങ്ങുമുള്ള ഭരണകൂട വിരുദ്ധ സമരങ്ങൾക്കും ജനാധിപത്യ അവകാശ പ്രസ്ഥാനങ്ങൾക്കും പ്രചോദനം പകർന്ന രാഷ്ട്രതന്ത്ര അധ്യാപകനും അഹിംസാത്മക പ്രതിരോധ പ്രവർത്തന പരിപാടികളുടെ ഗവേഷകനുമായിരുന്നു ജീൻ ഷാർപ്. മൂന്നു പ്രാവശ്യം നോബൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്ത ഷാർപിന് 2015 ൽ പുരസ്കാരം ലഭിക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല. ബദൽ നോബൽ പുരസ്കാരമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് 2012 ൽ ലഭിച്ചു.
കൊറിയൻ യുദ്ധത്തിനായി
സൈനിക സേവനം നിർബന്ധമാക്കുന്ന ഭരണകൂട നിലപാടിനെതിരേ സമരം ചെയ്ത് 9 മാസം ജയിൽവാസം അനുഷ്ഠിച്ചാണ് ഷാർപ് തന്റെ
പൊതുജീവിതത്തിൽ ശ്രദ്ധേയനാകുന്നത്. ഫാക്ടറി തൊഴിലാളി, അമേരിക്കയിലെ അരാജകത്വവാദിയായ എ.ജെ. മസ്തേയുടെ സെക്രട്ടറി
എന്നീ നിലകളിൽ ഷാർപ് പ്രവർത്തിച്ചു.
ഡച്ചുകാരനായ അമേരിക്കൻ
പുരോഹിതനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എ.ജെ. മസ്തേയും ഒപ്പം മഹാത്മാഗാന്ധിയും
തന്റെ ആശയങ്ങളുടെ ഉറവിടവും പ്രചോദനവുമായി ഷാർപ് കരുതി. ഗാഢ പരിസ്ഥിതിവാദ (Deep
Ecology) ത്തിന്റെ പ്രണേതാവായ ആർനെ
നീസിനൊപ്പം ഓസ്ലോവിൽ പഠനവും ഗവേഷണവും നടത്തിയ അദ്ദേഹം അഹിംസാത്മക സമരങ്ങളുടെ
പ്രോത്സാഹനത്തിനും പഠനത്തിനുമായി 1983ൽ ആൽബർട്ട് ഐൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
അഹിംസാസമര സൈദ്ധാന്തികൻ
എന്നറിയപ്പെടുന്ന ഷാർപ് അഹിംസാത്മക സമരങ്ങളിൽ മൂന്നു തരത്തിലാണ് ഇടപെടുന്നതെന്ന്
നിരീക്ഷിക്കുന്നു. മാർച്ചുകൾ, ലഘുലേഖകൾ തുടങ്ങി
ആദ്യത്തേത് പ്രതീകാത്മക പ്രതിഷേധമാണ്. രണ്ടാമത്തേത്, എതിരാളിയുമായുള്ള നിസഹകരണമാണ്. കൊടുക്കൽ - വാങ്ങൽ
അവസാനിപ്പിക്കുക, തൊഴിലാളി സമരം
എന്നിങ്ങനെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നിസഹകരണം ഇതിൽപെടും.
നിലവിലുള്ള സംവിധാനത്തെയോ സാധാരണ പ്രവർത്തനത്തെയോ തടസപ്പെടുത്താനുള്ള ഇടപെടലാണ്
മൂന്നാമത്തേത്. ഓഫീസുകൾ പിടിച്ചെടുക്കലും, നിരാഹാര സമരവും ജയിൽവാസവും ബദൽ സംവിധാനം ആവിഷ്ക്കരിക്കലുമെല്ലാം ഇതിൽപ്പെടും.
ജീൻ ഷാർപിനെ സംബന്ധിച്ച്
അഹിംസാത്മക സമരമാർഗം കണ്ടെത്തുന്നതും ചിട്ടപ്പെടുത്തുന്നതും, ഏതു തരം സമരമാണ് പ്രയോഗിക്കുന്നത്
എന്നതനുസരിച്ചാണ്; മറിച്ച് സമരം
ചെയ്യുന്നവരുടെ ലക്ഷ്യങ്ങളോ ധാരണകളോ അടിസ്ഥാനപ്പെടുത്തിയല്ല. അതിനാൽ ഏതുതരം
വിശ്വാസികൾക്കും പ്രത്യയശാസ്ത്ര ധാരണകൾ പുലർത്തുന്നവർക്കും അഹിംസാത്മക സമരമാർഗങ്ങൾ
അവലംബിക്കാം. അങ്ങനെയുള്ള 198 സമര രീതികളാണ്
ഷാർപ് രേഖപ്പെടുത്തിയിരിക്കുന്നത്.
1993 ൽ പ്രസിദ്ധീകരിച്ച "
ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക്: വിമോചനത്തിലേക്കുള്ള ഒരു വിചാര രൂപരേഖ
" എന്നത് വിമോചന പ്രസ്ഥാനങ്ങളുടെ കൈപുസ്തകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
1993 ൽ ബർമയിൽ ആദ്യം
പ്രസിദ്ധീകരിച്ച ഈ പുസ്തകം 2002 ലാണ് അമേരിക്കയിൽ
പുറത്തിറക്കിയത്. മൂന്നു ഡസനോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഇതിന്റെ തമിഴ്
പരിഭാഷ 2015ൽ പുറത്തിറങ്ങി.
മ്യാൻമർ, ബോസ്നിയ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പോരാളികൾക്ക് ഇത്
പ്രചോദനമായിട്ടുണ്ട്.
‘വിപ്ലവം എങ്ങനെ തുടങ്ങാം' എന്ന പേരിൽ ജീൻ ഷാർപിന്റെ രചനകളുടെ ആഗോള സ്വാധീനം
വിവരിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രം സ്കോട്ടിഷ് സംവിധായകനായ ആരോ 2011 ൽ പ്രകാശിപ്പിച്ചു. വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ
ഡോക്യുമെന്ററി അമേരിക്കയിലെ 'വാൾ സ്ട്രീറ്റ്
പിടിച്ചെടുക്കൽ സമര'ത്തിന്റെ അനൗദ്യോഗിക ചലച്ചിത്രമായാണ് കരുതുന്നത്.
ഈജിപ്ത് പ്രസിഡന്റായിരുന്ന മുബാറക്കിനെ അധികാര ഭ്രഷ്ടനാക്കിയ പ്രക്ഷോഭങ്ങൾക്ക്
ദിശാബോധം നൽകുന്നതിലും ഷാർപിന്റെ സമരതന്ത്രങ്ങൾ നിർണായക സ്വാധീനം ചെലുത്തി.
പ്രക്ഷോഭത്തിനു നാലു മാസം മുമ്പുതന്നെ മുഹമ്മദ് അൽ ബരാദിയുടെ
അനുയായികൾ ഷാർപിന്റെ രചനകൾ ഉപയോഗപ്പെടുത്തിയിരുന്നതായി വാർത്താ ഏജൻസികൾ
റിപ്പോർട്ട് ചെയ്തിരുന്നു. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് എന്ന
പുസ്തകം മുസ്ലിം ബ്രദർഹുഡ് തങ്ങളുടെ വെബ്സൈറ്റിൽ 2011 ലെ പ്രക്ഷോഭ
സമയത്ത് പോസ്റ്റ് ചെയ്തിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാനിലും സർക്കാർ വിരുദ്ധ പ്രക്ഷോഭക്കാർ ഷാർപിന്റെ സമര രീതികളിൽ പലതും
നടപ്പാക്കുന്നതായി ടെഹ്റാൻ ടൈംസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അഹിംസാത്മക സമരത്തിന്റെ രാഷ്ട്രീയം
അഹിംസാത്മക പ്രക്ഷോഭത്തിലേർപ്പെടുന്നത് ഇരുപതാം
നൂറ്റാണ്ടിന്റെ ശീലവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാധ്യതയുമായാണ് ഷാർപ്
അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ കാല രചനകളും അഹിംസാത്മക സമര പാഠങ്ങളും
പ്രക്ഷോഭങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള വസ്തുതകളും ഉൾചേർത്തുകൊണ്ടാണ് 2005ൽ waging Non-violent Struggle: 20th Century Practice
and 21 st Century potential എന്ന തന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
CIA യുടെയും അമേരിക്കയുടേയും ചാരനാണെന്നും അമേരിക്കയ്ക്ക്
അനിഷ്ടമുള്ള ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനാണ് ഷാർപിന്റെ ശ്രമമെന്നും ആരോപണം
ഉയർന്നിരുന്നു. നോം ചോംസ്കി ഉൾപ്പെടെയുള്ള ചിന്തകർ അതിനെ പ്രതിരോധിക്കാൻ
രംഗത്തിറങ്ങി. അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള
ജനാധിപത്യ അവകാശ പ്രവർത്തകർക്ക് ഷാർപ്പിന്റെ രചനകൾ പ്രചോദനവും
സഹായവുമായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആൽബർട്ട് ഐൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ട്
ഒരു തരത്തിലുമുള്ള സർക്കാർ ഫണ്ടുകളും സ്വീകരിച്ചിട്ടില്ലെന്നും അവർ പൊതു പ്രസ്താവന
ഇറക്കി. സാമ്പത്തിക പരാധീനതകളെ തുടർന്ന് 2004ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
ഓഫീസ് കിഴക്കൻ ബോസ്റ്റണിലെ തന്റെ വീട്ടിലേക്ക് ഷാർപ്പ് മാറ്റി. അവിടെ വച്ചാണ്
ഷാർപ് അന്ത്യശ്വാസം വലിച്ചതും. അവകാശ സമരങ്ങൾക്ക് അഹിംസാത്മക പാഠങ്ങൾ അന്വോഷിച്ച്
വ്യാപകമാക്കാൻ പരിശ്രമിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു ജീൻ ഷാർപ് എന്നു പറയാം.
ഗാന്ധിയൻ പാഠവും പാഠഭേദവും
ഷാർപിന്റെ ആദ്യ രചന തന്നെ ഗാന്ധിയെപ്പറ്റിയായിരുന്നു. Gandhi Wields the Weapon of Moral Power. ആൽബർട്ട്
ഐൻസ്റ്റീന്റെ അവതാരികയും ഭരതൻ കുമരപ്പയുടെ ആമുഖവുമായി 1960 ൽ നവജീവൻ പ്രസിദ്ധീകരിച്ചു. നവജീവൻ തന്നെ അടുത്ത വർഷം
പുറത്തിറക്കിയ പുസ്തകമായ Gandhi Faces the Storm, 1979 ൽ
പ്രസിദ്ധീകരിച്ച Gandhi as a Political Strategist എന്നിവയാണ് മറ്റു
രണ്ടു പുസ്തകങ്ങൾ.
ഗാന്ധിയൻ സത്യാഗ്രഹത്തിലെ തന്ത്രപരമായ നിലപാടുകളോട് ഷാർപ്
ആഭിമുഖ്യം പുലർത്തുമ്പോഴും തത്വാധിഷ്ഠിതമായ അഹിംസാ രൂപങ്ങളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല.
അഹിംസാത്മകമായ സമരങ്ങളൊക്കെ ലോകമെങ്ങും വർധിച്ചു വരുന്നുണ്ട്.അവരൊക്കെ ഗാന്ധിയൻ
സത്യാഗ്രഹത്തിന്റെ ഘടകങ്ങളും രീതികളും സ്വീകരിക്കുന്നുമുണ്ടാകാം. പക്ഷേ
അഹിംസയെന്നത് സത്യാഗ്രഹത്തിന്റെ ആധാരതത്വമാണ്; കേവലം ഒരു
തന്ത്രം മാത്രമല്ല. അഹിംസയോടു പ്രതിബദ്ധതയില്ലാതെ എതിരാളിയെ എങ്ങനെയെങ്കിലും
മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ സ്വീകരിക്കുന്ന അഹിംസാ സമരമാർഗങ്ങളിൽ നിന്ന്
സത്യാഗ്രഹത്തെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ധാർമികതയുടെ അനുരണനങ്ങൾ പേറാത്ത, ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുള്ള അഹിംസാത്മക
സമരമാർഗങ്ങളാണ് ജീൻ ഷാർപ് ജനകീയമാക്കാൻ ശ്രമിച്ചത്. അതിന്റെ ഫലങ്ങളാണ് ബദലുകളുടെ
ആവിഷ്കാരം സാധ്യമാകാത്ത, നിയന്ത്രണാതീതമായ ജനക്കൂട്ടങ്ങളുടെ ലോകവർത്തമാനങ്ങൾ
നമ്മോടു പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകമെങ്ങും രൂപം
കൊണ്ട പരിസ്ഥിതി, സമാധാന പ്രസ്ഥാനങ്ങളിലെല്ലാം ഗാന്ധിയൻ മുദ്രകൾ
നിഴലിച്ചു കാണാം. യൊഹാൻ ഗാൽതൂങും, ആർനെ നൈസും, E.F. ഷൂമാക്കറും അതിനുദാഹരണമാണ്. സത്യത്തിലും അഹിംസയിലും
അടിയുറച്ച, കർമവും ജ്ഞാനവും സമന്വയിക്കുന്ന ജീവിതവും ചിന്തയുമാണ്
ഗാന്ധിയുടെ പ്രത്യേകത. അറബ് വസന്തവും സമകാലിക ലോകം ദർശിച്ച മറ്റു ജനമുന്നേറ്റവുമൊക്കെ
ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ പുനർവായന സാധ്യമാക്കുന്നതാണ്. ഏകാധിപത്യം
തകർത്തെറിയുമ്പോഴും ജനതയുടെ സമാധാന ജീവിതം നിലനിർത്താനുതകുന്ന സാമൂഹ്യക്രമം രൂപപ്പെടുന്നില്ല എന്നത് യാഥാർത്ഥ്യമായി നമ്മൾ
തിരിച്ചറിയുന്നു.
ലെജു പി. തോമസ്

No comments:
Post a Comment